Monday, August 31, 2009

:ഉ: ള്ളിലേക്കൊതുങ്ങിയ ചോദ്യചിഹ്നം

രാജകുമാരനായി വെളിപ്പെട്ട
തവളയെക്കുറിച്ചുള്ള കഥകള്‍
കേട്ടുകേട്ടാണ്‌
ജീവശാസ്ത്രം പഠിക്കുന്നതിനിടയില്‍
ആലീസ്‌
തവളകളെക്കുറിച്ചുള്ള കൌതുകം
വികസിപ്പിച്ചത്‌

എന്നെങ്കിലുമൊരിക്കല്‍
മരിച്ചുപോയ മുത്തശ്ശിയുടെ കിടക്കയില്‍
രാജകുമാരന്‍ വരുന്നതിന്റെ രസം
ഞരമ്പിലാകെ ഇരമ്പിയപ്പോള്‍
അവളൊരു ചൊറിത്തവളയോട്‌
പാഠങ്ങളെക്കുറിച്ച്‌ വിവരിച്ചു തുടങ്ങി

ഉഭയജീവിതം
കണ്ണിലിരുട്ട്‌ കയറ്റുന്ന വെളിച്ചം
മൊട്ടുസൂചിയിലേക്ക്‌ വലിച്ചുകെട്ടിയ
ഇന്ത്യയുടെ ഭൂപടം
എന്നിങ്ങനെ
പത്തുമാര്‍ക്കിലൊതുങ്ങാത്ത അറിവുകള്‍
കണ്ണുംമിഴിച്ച്‌ കേട്ടിരിക്കുന്നു
അമര്‍ ചിത്രകഥകളുടെ ഔദാര്യത്തില്‍
ഒരു നിരാമയന്‍

അത്ഭുതങ്ങളുടെ ചരിത്രം
കിടപ്പുമുറികളിലേക്ക്‌ തളയ്ക്കപ്പെട്ടതിനെക്കുറിച്ച്‌
പിന്നീടൊരിക്കല്‍
ആലീസ്‌
'ലിംഗം ഒരുഭയജീവി' എന്ന തലക്കെട്ടില്‍
അതേമുറിയിലിരുന്ന്‌ എഴുതുമ്പോള്‍

ഉദാസീനരുടെ വിപ്ളവജാഥയ്ക്കിടയില്‍ നിന്ന്‌
അവള്‍ക്കൊരു
അശ്ളീല സന്ദേശം ടൈപ്പ്‌ ചെയ്യുന്നു
മറ്റൊരു ഉഭയജീവി

അവര്‍ക്കിടയില്‍

വല്ലതും നടക്കുമോ?
എന്ന ചോദ്യത്തിന്റെ അറ്റത്ത്‌
ഉള്ളിലേക്കൊതുങ്ങി
മടിപിടിച്ച്‌

ഉ എന്ന ചിഹ്നം

ഒച്ചിലേക്കും ഒച്ചയിലേക്കും എതിര്‍പരിണാമം

5 comments:

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Mahi said...

രാജകുമാരനായി വെളിപ്പെട്ട തവളെ കണ്ണുംമിഴിച്ച്‌ കേട്ടിരിക്കുന്നു ഒച്ചിലേക്കും ഒച്ചയിലേക്കുമുള്ള നിന്റെ എതിര്‍പരിണാമങ്ങള്‍.ചരിത്രങ്ങളെല്ലാം കിടപ്പുമുറികളില്‍ നിന്ന്‌ പുറത്തേക്ക്‌ കൊണ്ട്‌ വരാന്‍ ലിംഗങ്ങളെല്ലാം ഇനി എന്നാണാവൊ വിപ്ലവ ജാഥ നയിക്കുന്നത്‌ ഉ

വിശാഖ് ശങ്കര്‍ said...

ഭ്രമകല്‍പ്പനകളുടെ പുറംചട്ടയില്‍ എത്ര ഭദ്രമായ് ഒളിപ്പിച്ചു നീ ഈ കവിതയുടെ ക്രാഫ്റ്റ്...!

ഇഷ്ടമായ് ഈ കവിത.

Latheesh Mohan said...

മഹിക്കും വിശാഖിനും നന്ദി